The Endless Rivalry

നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ചലപ്പോഴൊക്കെ ഒരു വന്യമായ ഭാവം കൈവരാറുണ്ട്. വനത്തെ പോലും വിസ്മയിക്കുന്ന വന്യതയുടെ ഭാവം!!. അത് നൽകുന്നതോ, മത്സരങ്ങളും. നിലനിൽപ്പിന്റെ പാലത്തിൽ ഒരേസമയം എല്ലാവർക്കും ഒന്നിച്ച് യാത്രചെയ്യാൻ കഴിയില്ല. മത്സരങ്ങളിലൂടെ മാത്രമേ അവിടെ സ്ഥാനം കണ്ടെത്താൻ സാധിക്കൂ. നിയമങ്ങളുടെയോ നീതിയുടെയോ കൈവരികളില്ലാത്ത ആ പാലത്തിൽനിന്ന് ആര് വേണമെങ്കിലും വഴുതിവീണേക്കാം. പക്ഷെ ഒരാൾ പുറത്തായാലും അടുത്തയാൾ ആ സ്ഥാനം കയ്യടക്കിയിരിക്കുമെന്നു മാത്രം. കാലാകാലങ്ങളായി ആ പാലത്തിലൂടെ പരസ്പരം മത്സരിച്ചു യാത്രചെയ്യുന്നവരാണ് സിംഹങ്ങളും ഹൈനകളും.

സത്യം, ധർമ്മം, ദയ, നീതി... തുടങ്ങിയ മാനുഷിക മൂല്യങ്ങളെ മുൻനിർത്തി മനുഷ്യൻ ഇവരിൽ ഓരോരുത്തർക്കും ധീരതയുടെയും ക്രൂരതയുടെയും മുഖംമൂടികൾ നൽകാറുണ്ട്.  ആദ്യം തന്നെ പറയട്ടെ അത്തരം മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരിക്കലും ഇതിനെ നോക്കിക്കാണാൻ പാടില്ല. വനമാണ്, വന്യതയാണ്, അവിടെ ശരിതെറ്റുകളില്ല; അതിജീവനം മാത്രമാണുള്ളത്. അതുകൊണ്ട്, ഇതിനെ രണ്ടുജീവികൾ അതിജീവനത്തിനായി നടത്തുന്ന പോരാട്ടമായി മാത്രം കാണുക......


സിംഹം, ഹൈന....

സിംഹത്തെ പറ്റി ഒരു വിശേഷണത്തിന്റെ അവശ്യകതയില്ലെന്നറിയാം. പക്ഷേ ഹൈനകളെ പറ്റി ചെറിയൊരു പരിചയപ്പെടുത്തലെങ്കിലും അനിവാര്യമാണ്. കാരണം ഹൈനകളെപറ്റി അറിയാവുന്നവർക്കിടയിൽ പോലും പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ആ തെറ്റിദ്ധാരണകൾ തിരുത്തിയിട്ട് മുന്നോട്ടുപോകുന്നതയിരിക്കും ഉചിതം.

അതിൽ ഒന്നാമത്തേതാണ് ഹൈനകൾ നായ വർഗ്ഗത്തിൽ പെടുന്ന ജീവികളാണെന്നുള്ള പലരുടെയും ധാരണ. രൂപത്തിലും സ്വഭാവത്തിലും നയകളുമായി ഹൈനകൾക്കുള്ള സാമ്യമാണ് ഈ തെറ്റിദ്ധാരണക്ക് കാരണം. എന്നാൽ ഹൈനകൾ നായവർഗ്ഗത്തിലെ അംഗങ്ങളേയല്ല മറിച്ച് 'Hyaenidae' എന്ന ഫാമിയിലെ അംഗങ്ങളാണിവർ. പ്രധാനയും നാലുതരം ഹൈനകളാണ് ഈ ഫാമിലിയിൽ ഉള്ളത്. അതിൽ തന്നെ സ്‌പോട്ടഡ് ഹൈന എന്ന വിഭാഗക്കാരെപ്പറ്റിയാണ് നമ്മൾ ഇവിടെ ചർച്ചചെയ്യുന്നത്. രൂപത്തിലും സ്വാഭാവത്തിലും നായകളുമായി സാമ്യമുണ്ടെങ്കിലും ക്യാറ്റ് ഫാമിലിയോടാണ് ഹൈനകൾ കൂടുതൽ അടുത്ത് നിൽക്കുന്നത്.

സിംഹങ്ങളും ഹൈനകളും ഒന്നിച്ച് വസിക്കുന്നത് ആഫ്രിക്കൻ പുൽമൈതാനങ്ങളിൽ മാത്രമാണ്. ഇന്ത്യയിലും ഹൈനകളുണ്ടെങ്കിലും ഒറ്റക്ക് ജീവിക്കുന്ന Striped Hyena കളാണ്. സ്‌പോട്ടഡ് ഹൈനകൾ ആഫ്രിക്കയിൽ മാത്രമാണ് വസിക്കുന്നത്. മറ്റു വിഭാഗക്കാരിൽ നിന്ന് വ്യത്യസ്തമായി ഇവർ കൂട്ടമായാണ് ജീവിക്കുന്നത്. വളരെ ദൃഢമായ സാമൂഹിക ജീവിതത്തിന് ഉടമകളാണിവർ. ക്ലാൻ എന്നാണ് ഓരോ കൂട്ടത്തെയും വിളിക്കുക. ഓരോ ക്ലാനിലും 20 മുതൽ 80 മെമ്പേഴ്‌സ് വരെയുകാം. പെൺ ഹൈനകളായിരിക്കും ക്ലാനിനെ നിയന്ത്രിക്കുക. വലുപ്പവും പെണ്ണുങ്ങൾക്ക് തന്നെയായിരിക്കും കൂടുതൽ. ഓരോ ഹൈനക്കും ക്ലാനിൽ പ്രത്യേകം റാങ്കിങ് ഉണ്ടയിരിക്കും. ആണുങ്ങളുടെ സ്ഥാനം ഏറ്റവും താഴെയായിരിക്കും.

ഇതൊക്കെയാണ് ഹൈനയുടെ പൊതുവെയുള്ള പ്രത്യേകതകൾ. ഇനി കാര്യത്തിലേക്ക് കടക്കാം....


Lion vs Hyena....

ലോകത്ത് ഒരേ പ്രദേശത്ത് ജീവിക്കുന്ന മാംസഭുക്കുകളായ ജീവികൾ പരസ്പരം ശത്രുത പുലർത്തുന്നവയായിരിക്കും. അതിൽത്തന്നെ ഹൈനകളും സിംഹങ്ങളുംതമ്മിലുള്ള ശത്രുതയോളം മൂർച്ചയുള്ള മറ്റൊന്നുണ്ടോ എന്നത് സംശയമാണ്. എന്താകാം ഇങ്ങനെയൊരു ശത്രുതയ്ക്ക് കാരണം??!!!.... Let's checkout.....

ആഫ്രിക്കൻ വനങ്ങളിലെ ആൽഫാ predator സിംഹങ്ങളാണ്. സിംഹങ്ങൾ പിടിക്കാത്ത ഇരകളോ അവരെ  ഭയക്കാത്ത മൃഗങ്ങളോ അവിടെയില്ലെന്ന് തന്നെ പറയാം. എന്നാൽ ഹൈനകൾ ഒരു ആൽഫാ predator അല്ല. എങ്കിലും സിംഹങ്ങൾക്ക് ശേഷം ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കാരിലൊന്നാണ് ഹൈനകൾ. അങ്ങനെ വരുമ്പോൾ ഇവർ തമ്മിൽ ഒരു മത്സരം സ്വാഭാവികമാണ്. ഒരേ സ്ഥലത്ത് ഒരേ ഇരകളെ ലക്ഷ്യം വെക്കുന്ന ജീവികൾ എന്ന നിലക്ക് ഈ മത്സരം സിംഹങ്ങളും ഹൈനകളും തമ്മിൽ മാത്രമല്ല ഉള്ളത്. സിംഹം, പുലി, ചീറ്റ, ഹൈന, വൈൽഡ് ഡോഗ്‌സ്... ഇവരെല്ലാമായും ഈ മത്സരമുണ്ട്. ഇവരെയെല്ലാം ഡോമിനേറ്റ് ചെയ്യുന്നതുകൊണ്ട് സിംഹം ഇവരിലാരെയെങ്കിലും കണ്ടുകഴിഞ്ഞാൽ തൽക്ഷണം കൊന്നിരിക്കും. അത് ഭക്ഷണത്തിന് വേണ്ടിയായിരിക്കില്ല, അവരുമായുള്ള മത്സരം ഒഴിവാക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവരെല്ലാം സിംഹങ്ങളെ ഒഴിവാക്കി വിടാറാണ് പതിവ്; ഹൈനകൾ ഒഴിച്ച്!!. അതേ ഹൈനകൾ എപ്പോഴും സിംഹങ്ങളെ അങ്ങനെ പൂർണമായും ഒഴിവാക്കാറില്ല. ചില സന്ദർഭങ്ങളിൽ അവർ സിംഹങ്ങളുമായി ശക്തമായി ഏറ്റുമുട്ടാറുണ്ട്. ഏറ്റുമുറ്ററുണ്ടെന്നു മാത്രമല്ല പലപ്പോഴും വിജയിക്കാറുമുണ്ട്. 

കൂട്ടമായി സ്‌ട്രോങ് ആയ സോഷ്യൽ ലൈഫ് പിന്തുടരുന്ന, വനം മുഴുവൻ അടക്കി ഭരിക്കുന്ന കരുത്തരായ സിംഹങ്ങളുമായി ഹൈനകൾക്ക് എങ്ങനെ വിജയിക്കാനാകും എന്നാകും പലരും ചിന്തിക്കുന്നത്. പക്ഷെ അതിനുമുമ്പ് എന്തിനാണ് ഹൈനകൾ ഇത്രയും റിസ്ക് എടുത്ത് സിംഹങ്ങളുമായി ഏറ്റുമുട്ടണം എന്നറിയേണ്ടേ??!!

അതിന് സ്‌പോട്ടഡ് ഹൈനകളുടെ സ്വഭാവവും ജീവിത രീതിയും മനസിലാക്കണം.

വേട്ടയാടി തന്നെയാണ് ഹൈനകൾ തങ്ങൾക്കുവേണ്ട ഭക്ഷണത്തിന്റെ ഏറിയ പങ്കും കണ്ടെത്തുക. പക്ഷെ വിശന്നൊട്ടിയ വയറുകളുടെ എണ്ണം വളരെ കൂടുതലായതിനാൽ വേട്ടയാടലിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. മറ്റു മാർഗ്ഗങ്ങൾ കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റു മാർഗ്ഗങ്ങളെന്നുപറഞ്ഞാൽ എളുപ്പമുള്ള ചില കുറുക്കുവഴികൾ. കുറച്ചുകൂടി തെളിച്ചു പറഞ്ഞാൽ മോഷണം. മറ്റുള്ളവർ പിടിച്ച ഇരകളെ കൈക്കലാക്കണം. കൂട്ടമായും ഒറ്റക്കുമൊക്കെ ഇവർ ഇര തേടിയിറങ്ങാറുണ്ട്. ചെറിയ ഇരകളെയൊക്കെ ഒറ്റക്കുതന്നെ വേട്ടയാടും. 60 km/hr വേഗതയിൽ അധിക ദൂരം ഇരയെ പിന്തുടരാൻ ഇവർക്ക് സാധിക്കും. ഇരയെ പിടിച്ചു കഴിഞ്ഞാൽ എല്ലായ്പ്പോഴും കൊല്ലാനൊന്നും സാധിച്ചെന്നു വരില്ല. വേഗത്തിൽ തന്നെ തിന്നു തുടങ്ങും, ജീവനോടെ. മറ്റ് ഹൈനകളുടെയോ സിംഹങ്ങളുടെയോ കണ്ണില്പെടാതിരിക്കാൻ വേണ്ടിയാണിങ്ങനെ ചെയ്യുക. മാംസം മാത്രമല്ല കട്ടിയുള്ള എല്ലുകൾ കടിച്ചുപൊട്ടിച്ച് മജ്ജയും അസ്ഥികളും തോലും രോമവും വരെ അകത്താക്കും. ശക്തമായ ബൈറ്റ് ഫോഴ്‌സും ഇതെല്ലാം ദഹിപ്പിക്കാൻ പോന്ന ശക്തമായ ദഹനവ്യവസ്ഥയും ഹൈനകൾക്കുണ്ട്. ചീഞ്ഞ മാംസം പോലും ഇവർ അകത്താക്കും. അതുകൊണ്ട് തന്നെ ഹൈനകളെ 'Scavengers' ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. മോഷണമാണെങ്കിൽ പുലി, ചീറ്റ, വൈൽഡ് ഡോഗ്‌സ് ഇവരൊക്കെ സ്ഥിരം ലക്ഷ്യങ്ങളാണ്. ഇവരൊക്കെ ഹൈനകളെക്കാൾ ശക്തരല്ല എന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും. പുലിയാണെങ്കിൽപോലും നേരിട്ടുള്ള fight ഉണ്ടായാൽ ഹൈനക്ക് തന്നെയാണ് മുൻതൂക്കം. തന്നെയുമല്ല പരിക്കുകൾ മരണത്തിലേക്ക് വരെനയിക്കാമെന്നതുകൊണ്ട് പുലി കടുത്ത fight ലേക്ക് കടക്കുകയുമില്ല.

പക്ഷെ സിംഹങ്ങളാണെങ്കിൽ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. ഒന്നാമതായി സിംഹങ്ങളുടെ അപാരമായ കരുത്താണ് വെല്ലുവിളി. ഒരു പെൺ സിംഹത്തിന് പോലും രണ്ടോ മൂന്നോ ഹൈനകളെ വരെ നിശ്ശേഷം തൊപ്പിക്കാനാകും. സിംഹം തോൽപ്പിച്ചു എന്നു പറഞ്ഞാൽ വിരട്ടലോ പേടിപ്പിക്കലോ ഒന്നുമായിരിക്കില്ല, കഥ കഴിഞ്ഞു എന്നുതന്നെ പറയാം. മറ്റൊന്ന് സിംഹങ്ങളും കൂട്ടമായി ജീവിക്കുന്നവരായതുകൊണ്ട് വേട്ടയാടലും മിക്കവാറും ഒന്നിച്ചുതന്നെയാകും. ഒരു ലയാൺ പ്രൈഡിൽ കേറി അവരോട് കളിക്കുക എന്നത് ട്രെയിന് തലവെക്കുന്നതിന് തുല്യമാണ്. അങ്ങനെ വരുമ്പോൾ ശക്തിയുടെയും എണ്ണത്തിന്റെയും ആനുകൂല്യം സിംഹങ്ങൾക്കുണ്ട്. ഇനി അവർ പിടിച്ച ഇരയെ അവരിൽ നിന്ന് തട്ടിയെടുക്കണമെങ്കിലോ അവരുടെ അനുകൂല്യങ്ങളെ മറികടക്കണം. അവരുടെ പോരായ്മകൾ ഉപയോഗിക്കുകയും വേണം. അതെങ്ങനെയെന്ന് ഹൈനകൾക്ക് നന്നായി അറിയാം.


സിംഹങ്ങൾ വേട്ടയാടി കഴിഞ്ഞാൽ അവർ വളരെ സമയമെടുത്ത് മാത്രമേ തിന്നു തുടങ്ങൂ. ഭക്ഷണത്തിന് ദൗർലഭ്യമുള്ളപ്പോഴോ, വളരെ ചെറിയ ഇരകളെ പിടിക്കുമ്പോഴോ മാത്രമേ ഇതിന് വിപരീതമായി സംഭവിക്കാറുള്ളൂ. സാധാരണ ഗതിയിൽ സിംഹങ്ങൾക്ക് മറ്റ് ജീവികളെയൊന്നും ഭയപ്പെടേണ്ടതില്ലാത്തതിനാൽ ആവശ്യത്തിന് സമയമെടുത്താണ് തിന്നുക. തിന്നുന്നതിനിടക്ക് ചെറിയ ഇടവേളകളെടുത്ത് വിശ്രമിക്കുകയും ചെയ്യും. തികച്ചും രാജകീയമായ രീതി. ഈ സമയങ്ങളിലൊന്നും ഇവർ മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താറില്ല. തീറ്റ, വിശ്രമം ഇതിൽ രണ്ടിലും മത്രമാകും ശ്രദ്ധ. അതുകൊണ്ട് തന്നെ ജാക്കൽസ്, കഴുകന്മാർ തുടങ്ങിയ സ്‌കാവഞ്ചേഴ്‌സ് മുഴുവനും സംഭവസ്ഥലത്തെത്തും. എല്ലാവർക്കും ഗുണമുള്ള ഏർപ്പാടാണല്ലോ. സ്വാഭാവികമായും ഹൈനകൾക്കും ഇത് കണ്ടെത്താൻ വലിയ പ്രയാസമൊന്നുമുണ്ടാകില്ല. കൂട്ടമായാണ് വാസമെങ്കിലും ഇരതേടലൊക്കെ ഒറ്റക്കോ ചെറു കൂട്ടങ്ങളായോ ആയിരിക്കും. കാട്ടിൽ മറ്റേതെങ്കിലും മൃഗങ്ങൾ ഇര പിടിച്ചിട്ടുണ്ടോ എന്ന് 10 കിലോമീറ്റർ ദൂരെനിന്ന് വരെ ഇവർക്ക് കണ്ടെത്താനാകും. ഇതിന് ഇവരെ സഹായിക്കുന്നത് മികച്ച കേൾവിശക്തിയാണ്. കൂടാതെ കഴുകന്മാരുടെ സാന്നിധ്യവും ഇതിന് സഹായിക്കും. അവർ തങ്ങളുടെ ടെറിട്ടറിയിൽ വിഹരിക്കുന്ന സമയങ്ങളിൽ ഇത്തരത്തിൽ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന സിംഹങ്ങളെ കണ്ടാൽ മൈൻഡ് ചെയ്യാതെ നടന്നു പോകില്ല. ആതെങ്ങനെയെങ്കിലും കൈക്കലാക്കണം എന്നതാകും അവരുടെ ലക്ഷ്യം. ഒറ്റക്ക് എന്തായാലും ഒരു പണിയും നടക്കില്ല. ഇവിടെ സിംഹങ്ങളാണ് എതിരാളികൾ അവരുടെ ബലവും ബലഹീനതയും അറിഞ്ഞ് മാത്രമേ മുന്നോട്ട് പോകാനാകൂ. സിംഹങ്ങൾ ശക്തരാണെങ്കിൽ ഹൈനകൾ സിംഹങ്ങളെക്കാൾ ബുദ്ധിമാന്മാരാണ്. ഹൈനകളിൽ ഏറ്റവും കൂടുതൽ ബുദ്ധി സ്‌പോട്ടഡ് ഹൈനകൾക്കാണ്. പ്രോബ്ലം സോൾവിങ്ങിലും മറ്റും ചിമ്പാൻസികളെ പോലും കടത്തി വെട്ടാൻ ഇവർക്കാകും. ആ ബുദ്ധി നന്നായി ഉപയോഗിക്കാനും അവർക്കറിയാം. ഒറ്റക്കാണെന്നുണ്ടെങ്കിൽ ആദ്യം ചെയ്യുക കൂട്ടത്തിലുള്ള മറ്റുള്ളവരെ വിവരമറിയിക്കുക എന്നതാണ്. അതിനായി പലതരം ശബ്ദങ്ങൾ ഇവർ പുറപ്പെടുവിക്കും. അതിൽ പ്രധാനപ്പെട്ടതാണ് 'Hyena laughing'. ചരിക്കുന്നതുപോലെയുള്ള ശബ്ദം. പേടിയുള്ളപ്പോഴോ, മറ്റ് ഹൈനകളുടെയോ സിംഹങ്ങളുടെയോ അറ്റാക്ക് ഉണ്ടാകുമ്പോഴോ, ഭക്ഷണത്തിന് വേണ്ടി ആക്രമണം ഉണ്ടാകുമ്പോഴോ ഒക്കെയാണ് ഇത്തരം ശബ്ദങ്ങൾ ഇവർ പുറപ്പെടുവിക്കുക. ഈ ശബ്ദങ്ങൾക്ക് ഇവരിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിയും. എല്ലാ വികാരങ്ങളും പലതരം ശബ്ദങ്ങളിലൂടെയാണിവർ പങ്കുവെക്കുക. ശബ്ദം കെട്ടാലുടൻ ബാക്കിയുള്ള ഹൈനകൾക്ക് മനസിലാകും അത് എന്തിന് വേണ്ടിയുള്ള വിളിയാണെന്ന്. എല്ലാവരും പെട്ടെന്ന് തന്നെ സംഭവസ്ഥലത്തെത്തും. ബാക്കിയുള്ളവർ കൂടുതൽ ദൂരെയാണെങ്കിൽ അങ്ങോട്ട് പോയി വിളിച്ചുകൊണ്ടു വരാറുമുണ്ട്. സ്ഥലത്തെത്തിക്കഴിഞ്ഞാൽ പിന്നെ പതിയെ പണി തുടങ്ങും. ആദ്യം എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സിംഹങ്ങൾക്ക് ചുറ്റും അണിനിരക്കും. 20 ഉം 40 ഉം ഹൈനകൾ വരെയുണ്ടാകാം. ഈ സമയം അവിടെ മുഴുവനും ഹൈന ലാഫിങ് കൊണ്ട് മുങ്ങിയിട്ടുണ്ടാകും. ചിരി പോലെ തോന്നാമെങ്കിലും ഇത്രയും ഹൈനകൾ ഒന്നിച്ച് ആ ശബ്ദം പുറപ്പെടുവിക്കുമ്പോൾ അവിടെ മുഴുവൻ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടും. അതുകൊണ്ടാണ് പല ആഫ്രിക്കൻ ഗോത്രവിഭാഗക്കാർ ഹൈനകളെ പിശാചിന്റെ പ്രതീകമായി കണക്കാക്കുന്നത്. സ്ഥിതിഗതികൾ അവിടം വരെ എത്തിയാലും സിംഹങ്ങൾ അപ്പോഴും അതിനൊന്നും ശ്രദ്ധ കൊടുക്കാറില്ല. കുറച്ചു ഹൈനകൾ ഏതെങ്കിലും ഒരു വശത്തുകൂടി ചെന്ന് ഏതെങ്കിലുമൊരു സിംഹത്തിന്റെ പിന്നിൽ ചെന്ന് കടിക്കും. കടി കിട്ടുമ്പോഴോ തൊട്ടടുത്തെത്തുമ്പോഴോ മാത്രമായിരിക്കും സിംഹങ്ങൾ പ്രതികരിച്ചു തുടങ്ങുക. അപ്പോൾ സിംഹം തീറ്റ നിർത്തി പിന്നിലൂടെ വന്ന ഹൈനകൾക്ക് നേരെ തിരിയും. സിംഹം തിരിയുമ്പോൾ ഹൈനകൾ ഓടും. ഈ സമയം വേറെ കുറച്ചു പേർ മറു സൈഡിൽ നിന്ന് ഇതേ പണി തുടരും. അങ്ങനെ എല്ലാ വശത്തുനിന്നും ഈ ആക്രമണം തുടർന്നുകൊണ്ടേ ഇരിക്കും. സഹികെട്ടുകഴിയുമ്പോൾ ചില സിംഹങ്ങൾ പിടിച്ചിട്ടുതന്നെ കാര്യമെന്ന മട്ടിൽ കുതിച്ചു ചെല്ലും. ചിലപ്പോൾ ഒരെണ്ണത്തിനെ പിടുത്തമിടുകയും ചെയ്യും. സിംഹങ്ങളെ ഓടി തോൽപ്പിക്കാൻ ഹൈനകൾക്കാവില്ല. വേഗത്തിൽ ഓടി മുൻ കാലുകളിലെ ഒന്നരയിഞ്ചു നീളമുള്ള നഖമുപയോഗിച്ച് ഒരു കൊളുത്തുമതി ഏത് ഹൈനയും അവിടെ നിക്കും. പിടുത്തം വീണു കഴിഞ്ഞാൽ അടുത്ത ലക്ഷ്യം കഴുത്തോ സ്പൈനോ ആയിരിക്കും. പക്ഷെ കഴുത്തിൽ പിടുത്തമിടുന്നതിന് മുൻപ് തന്നെ ബാക്കിയുള്ളവർ പിന്നിലൂടെ വന്ന് സിംഹത്തിന്റെ പിന്നിൽ കടിക്കും. മാമൽസിൽ ഏറ്റവും കൂടുതൽ ബൈറ്റ് ഫോഴ്‌സുള്ള ജീവികളിലൊന്നാണ് ഹൈനകൾ ഒന്നിലധികം ഹൈനകൾ പിന്നിൽ നിന്ന് കടിച്ചുകൊണ്ടിരിക്കുമ്പോൾ കിട്ടിയതിനെ വിടാതെ രക്ഷയില്ല. പിടുത്തം വിട്ട് പിന്നിലേക്ക് തിരിയുമ്പോൾ എല്ലാവരും ഓടി മറയും. രണ്ടോ മൂന്നോ സിംഹങ്ങൾ മാത്രമാണെങ്കിൽ ഈ സമയം തോൽവി സമ്മതിച്ച് പിന്മാറിയിട്ടുണ്ടാകും. പക്ഷെ കുറച്ചു വലിയ പ്രൈഡുകളാണെങ്കിൽ അങ്ങനെയൊന്നും പിന്മാറില്ല. അവർ തിരിച്ചു ആക്രമിച്ചുകൊണ്ടേയിരിക്കും. ഈ സമയം സിംഹങ്ങൾ മറ്റൊരടവ് പ്രയോഗിക്കും. ഒന്നോ രണ്ടോ പേർ ആക്രമിക്കുമ്പോൾ ബാക്കിയുള്ളവരും കുട്ടികളും ഭക്ഷണം കഴിക്കും. ഇതൊരു റിലേ പോലെ തുടരും. ഇക്കണ്ട കോലാഹലങ്ങളൊക്കെ നടക്കുമ്പോഴും ചിലരൊക്കെ ഇതിനിടയിലൂടെ ആരുമറിയാതെ വയറുനിറക്കുന്നുണ്ടാകും. സൂത്രശാലികളായ ജാക്കലുകൾ ചെറിയ ചെറിയ പീസുകൾ വീതം കൈക്കലാക്കി മാറി നിന്ന് അകത്താക്കിയിട്ട് വീണ്ടും വരും അടുത്തിന്. കഴുകന്മാരും അവസരം കിട്ടിയാൽ പാഴാക്കില്ല.

അങ്ങനെ മാറി മാറിയുള്ള ആക്രമണങ്ങൾ കാരണം സിംഹങ്ങൾ തളരും. പിന്നെ അവർ പിന്മാറുകയെ ഉള്ളു. അല്ലെങ്കിൽ കുട്ടികളുടെയോ ചിലപ്പോൾ മുതിർന്നവരുടെയോ വരെ ജീവൻ അപകടത്തിലായേക്കാം. ഇരയെ തട്ടിയെടുത്തുകഴിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും ഹൈനകൾ ശങ്കിച്ചു നിൽക്കില്ല. എല്ലും തോലും പോലും ബാക്കി വെക്കാതെ അകത്താക്കിയിരിക്കും.


പക്ഷെ എല്ലായ്പ്പോഴും ഇങ്ങനെ ഹൈനകൾ വിജയിക്കണമെന്നില്ല. ചിലപ്പോൾ അത്രയും ഹൈനകളെ മാത്രമല്ല. കാടിനെ ഒന്നടങ്കം വിറപ്പിക്കാൻ പോന്ന യോദ്ധാക്കൾ സിംഹങ്ങളുടെ കൂട്ടത്തിലുമുണ്ടാകും. മറ്റാരുമല്ല. The Male Lions 🦁....

ആൺസിംഹങ്ങൾ ഉണ്ടെങ്കിൽ ഹൈനകൾ ആ ഏരിയയിലേ തിരിഞ്ഞു നോക്കാറില്ല. ആൺസിംഹങ്ങൾ സാധാരണഗതിയിൽ ടെറിട്ടറി പെട്രോളിംഗിൽ ആയിരിക്കുമ്പോൾ പെൺസിംഹങ്ങളാണ് കൂടുതലും വേട്ടയാടലിൽ ശ്രദ്ധിക്കുക. അഞ്ചും ആറും സിംഹങ്ങളുള്ള ഒരു പ്രൈഡിനെ ഒന്നടങ്കം ഹൈനകൾ മുൾമുനയിൽ നിർത്തി ഇരയെ കൈക്കലാക്കുമ്പോഴും ഒരൊറ്റ Male Lion മാത്രം സംഭവസ്ഥലത്തെത്തുമ്പോൾ മുഴുവൻ ഹൈനകളും ജീവനും കൊണ്ടു പായുന്ന വീഡിയോകൾ ധാരളമുണ്ട്. പെൺ സിംഹങ്ങളുടെ ഇരട്ടിയോളം വലുപ്പവും കരുത്തും ആഗ്രസ്സിവ് സ്വഭാവവുമുള്ള ആൺസിംഹങ്ങളോട് കളിക്കുന്നത് പന്തിയല്ലെന്ന് ഹൈനകൾക്കറിയാം. നേരത്തെ പറഞ്ഞല്ലോ ഹൈനകൾക്ക് നല്ല ബുദ്ധിയാണെന്ന്!!...

വലിയൊരു ശതമാനം ഹൈനകളുടെ മരണത്തിനും കാരണം  സിംഹങ്ങളാണ് പ്രത്യേകിച്ചും ആൺസിംഹങ്ങൾ. കണ്ടുകഴിഞ്ഞാൽ കുട്ടികളെയും കൊല്ലും. ഹൈനകളുടെ മാളങ്ങളിൽനിന്ന് കുട്ടികളെ പുറത്തെടുത്ത് സിംഹങ്ങൾ കൊല്ലാറുണ്ട്. തിരിച്ചും സിംഹങ്ങളുടെ കുട്ടികളെയും ഹൈനകൾ കൊല്ലാറുണ്ട്. ഇവിടെ നായകനോ വില്ലനോ ഇല്ല, ശെരിയോ തെറ്റോ ഇല്ല, ദയയോ ക്രൂരതയോ ഇല്ല അതിജീവനം മാത്രമാണുള്ളത്. അതിജീവനത്തിനുവേണ്ടി രണ്ടു ജീവികൾ നടത്തുന്ന നിരന്തരമായ പോരാട്ടത്തിന്റെ ഭാഗമാണിതെല്ലാം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ മത്സരം. 12000 വർഷങ്ങൾക്ക് മുമ്പ് 'Pleistocene age' ൽ യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും സിംഹങ്ങളും ഹൈനകളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാകുമായിരുന്നു എന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. പലരും ഹൈനകളുടെ രൂപവും സ്വാഭാവവും വിലയിരുത്തി ക്രൂരതയുടെയും അനീതിയുടെയുമൊക്കെ പ്രതീകമായി ചിത്രീകരിക്കാറുണ്ട്. നിങ്ങൾ മൻസിലാക്കേണ്ട കാര്യം ഒന്നു മാത്രമാണ്. മുകളിൽ പറഞ്ഞതെല്ലാം മാനുഷിക മൂല്യങ്ങൾ മാത്രമാണ് അതിന് മനുഷ്യർക്കിടയിൽ മാത്രമേ സ്വാധീനമുള്ളു. അതും വെച്ച് ജീവിക്കാൻ നിന്നാൽ ഹൈന എന്ന ജീവി തന്നെ ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടും.

ഈ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും.....