Malayalam article - About 3D | ത്രീഡിയെ കുറച്ച്


   സിനിമ സംസാരിച്ചു തുടങ്ങുന്നതിനും എത്രയോ മുമ്പ് കണ്ടുപിടിക്കപ്പെട്ട അത്ഭുതമാണ് 3D.ഒരു വസ്തുവിന്റെ ദൃശ്യം നമ്മുടെ രണ്ട് കണ്ണുകളും തലച്ചോറിൽ എത്തിക്കുന്നത് രണ്ട് വ്യത്യസ്ത ദർശന കോണുകളിലൂടെയാണ്.ഇതിന്റെ ഫലമായുണ്ടാവുന്ന 'സൂക്ഷ്മാഴം' എന്ന കാഴ്ചയിലെ സവിശേഷതയെ പൂർണമായും മുതലെടുത്തു കൊണ്ടാണ് 1907-ൽ വില്യം ഫ്രീസ്ഗ്രീൻ ത്രീഡി ചലച്ചിത്രങ്ങളുടെ നിർമാണ രീതി കണ്ടെത്തിയത്.

3D ഫോട്ടോഗ്രാഫി അഥവാ സ്റ്റീരിയോസ്കോപി എന്ന ആശയം യഥാർത്ഥത്തിൽ ഫോട്ടോഗ്രാഫിക്ക് മുന്നേ നിലനിന്നിരുന്ന ഒന്നാണ്.

ലോക പ്രശസ്ത ചിത്രകാരനായ ലിയോനാർഡോ ഡാവിഞ്ചി തന്റെ ചില ചിത്രങ്ങളിലൂടെ ആഴത്തിലുള്ള വീക്ഷണത്തെ പറ്റി 1584-ൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

മനുഷ്യ നേത്രങ്ങളിലെ കൃഷ്ണമണികൾ തമ്മിലുള്ള അകലം ഏഴ് സെന്റിമീറ്റർ ആണ്. അതിനാൽ ഒരു വസ്തുവിനെ ഓരോ കണ്ണും മറ്റേ കണ്ണിനെ അപേക്ഷിച്ചു അല്പം സ്ഥാന വ്യത്യാസത്തോടെയാണ് കാണുന്നത്.

ഉദാഹരണത്തിന് ഒരു പെൻസിൽ കണ്ണുകൾക്ക് മുന്നിലായി പിടിച്ച ശേഷം ഓരോ കണ്ണും മാറി മാറി തുറന്നും അടച്ചും നോക്കുമ്പോൾ അല്പം സ്ഥാനമാറ്റത്തോടെയും രണ്ട് വ്യത്യസ്ത ദർശനതലത്തിലുമാണ് നമുക്ക് പെൻസിൽ ദൃശ്യമാവുക.

കണ്ണുകളുടെ അകലം സൂക്ഷിക്കുന്ന രണ്ടു ലെൻസുകളുള്ള ഒരു ക്യാമറ ഉപയോഗിച്ച് പകർത്തിയാൽ ലഭിക്കുന്ന ചിത്രങ്ങൾക്കും ഈ വ്യത്യാസം ഉണ്ടാവും.ഈ രണ്ട് ചിത്രങ്ങളെയും ഒരേ സമയം വീക്ഷിച്ചാൽ അതിൽ ത്രിമാനത കടന്ന് വരുന്നതായി കാണാം.ഇങ്ങനെയുള്ള ഇരട്ട ചിത്രങ്ങളെ നോക്കിക്കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റീരിയോസ്കോപ്.

1613-ൽ ഫ്രാങ്കോയിസ്റ്റ്

ഡി ആഗില്ലൻ അവതരിപ്പിച്ച ഒരു ഗവേഷണ പ്രബന്ധത്തിലാണ് സ്റ്റീരിയോസ്കോപ്പ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

1838-ൽ റോയൽ സ്കോട്ടിഷ് സൊസൈറ്റി ഓഫ് ആർട്സിൽ വച്ച് ബൈനോക്കുലർ വിഷൻ എന്ന പ്രതിഭാസത്തെകുറിച്ചു സർ ചാൾസ് വീറ്റ്സ്റ്റോൺ ഒരു പ്രഭാഷണം നടത്തി.ഈ പ്രഭാഷണത്തോട് അനുബന്ധിച്ച് വീറ്റ്സ്റ്റോൺ ജ്യോമെട്രിക്കൽ ത്രീഡി ചിത്രങ്ങൾ വരയ്ക്കുകയും കണ്ണാടി ഉപയോഗിച്ച് സ്റ്റീരിയോസ്കോപ്പ് എന്ന പേരിൽ അവയെ വീക്ഷിക്കുവാനായി ഒരു ഉപകരണം നിർമിക്കുകയും ചെയ്തു.അതിന്മേൽ നടന്ന നിരീക്ഷണ ഫലമായി 1850-ൽ സ്കോട്ടിഷ് ശാത്രജ്ഞൻ ആയ സർ ഡേവിഡ് ബ്‌റൂസ്റ്റർ ലെന്റിക്കുലർ സ്റ്റീരിയോസ്കോപ് എന്ന പേരിൽ ഒരു പ്രായോഗിക ഫോട്ടോ ഗ്രാഫിക് ഉപകരണത്തിന് രൂപം കൊടുത്തു.

എഴുപത് വർഷം സജീവമായി പ്രവർത്തിച്ച ദി ലണ്ടൻ സ്റ്റീരിയോസ്കോപ് കമ്പനി നിലവിൽ വന്നതും ഇതേ വർഷം തന്നെയാണ്.

ഫോട്ടോഗ്രാഫെറായ റോജർ ഫെന്റനും ശാസ്ത്രജ്ഞനായ ജൂൾസ് ഡി ബോസ്കും ഈ മേഖലയിലെ ആദ്യ പ്രവർത്തകർ ആയിരുന്നു.സ്റ്റീരിയോസ്കോപ്പും സ്റ്റീരിയസ്കോപിക് ദാഗ്വിരെയും നിർമിച്ചത് ജൂൾസ് ഡി ബോസ്‌കാണ്.

1853-ൽ ഇദ്ദേഹത്തിൽ നിന്നും ആന്റോയിൻ ക്ലൗഡ് സ്റ്റീരിയോ സ്കോപ്പിന്റെ നിർമാണാവകാശം നേടി.

ക്രിസ്റ്റൽ പാലസിൽ നടന്ന ഒരു പ്രദർശനത്തിൽ വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും സ്റ്റീരിയോസ്കോപ്പ് പരിചയപ്പെട്ടു.സ്റ്റീരിയോസ്കോപ്പിനോടുള്ള രാജ്ഞിയുടെ താല്പര്യം മനസ്സിലാക്കി ജൂൾസ് ഡി ബോസ്ക് നിർമിച്ച ഒരു സ്റ്റീരിയോസ്കോപ്പ് വിക്ടോറിയ രാജ്ഞിക്ക് സ്കോട്ടിഷ് ശാത്രജ്ഞനായ സർ ഡേവിഡ് ബ്രൂസ്റ്റർ സമ്മാനിച്ചു.അതോടെ സ്റ്റീരിയോസ്കോപ് ലോക പ്രശസ്തിയിലേക്ക് ഉയർന്നു.ആ ഒറ്റ രാത്രി കൊണ്ട്തന്നെ ത്രീഡി വ്യവസായം പുരോഗമിച്ചു.

കുറച്ച് ദിവസങ്ങൾക്കുള്ളിൽ രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം സ്റ്റീരിയോസ്കോപ്പ് നിർമിച്ചു വിതരണം ചെയ്തു.

സർ ചാൾസ് വീറ്റ്സ്റ്റോൺ 1838-ൽ താൻ കണ്ടുപിടിച്ച സ്റ്റീരിയോസ്കോപ്പിയിൽ കുറച്ച് പരിഷ്‌കാരങ്ങൾ കൂടി വരുത്തി വീടുകളിൽ ഉപയോഗിക്കാവുന്ന ഒരുപകരണമായി മാറ്റിയെടുത്തു.രണ്ടു വശത്തും ഇമേജുകൾ ഉള്ള സ്റ്റീരിയോഗ്രാഫിക് കാർഡുകൾ സ്റ്റീരിയോസ്കോപ്പ് വ്യൂവറിനു അകത്തു നിക്ഷേപിച്ച് വ്യൂവറിലൂടെ നോക്കുമ്പോൾ ഈ രണ്ട് ഇമേജുകളും ആഴമുള്ള ഒറ്റ ഇമേജ് ആയി കാണാനാവും.

1907-ൽ വില്യം ഫ്രീസ്ഗ്രീനാണ് ആദ്യത്തെ ത്രീഡി ചലനചിത്രം നിർമിച്ചത്.ഇതിനായി അദ്ദേഹം ഇടതും വലതും കണ്ണിന്റെ വ്യൂ പോയിന്റിന് യോജിച്ച തരത്തിൽ സെല്ലുലോയ്ഡിന്റെ ഒരു ഫ്രെയിമിൽ രണ്ടു ദൃശ്യങ്ങൾ പതിപ്പിക്കുവാൻ കഴിയുന്ന വിധത്തിൽ രണ്ട് ലെൻസുകൾ ഘടിപ്പിച്ച

ഡയോപ്ടിക് ക്യാമറ നിർമിച്ചെടുത്തു.ഈ ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദൃശ്യങ്ങൾ തിരശീലയിൽ പ്രദർശിപ്പിച്ചു കാണുവാൻ പ്രോജക്ടറിൽ പ്രത്യേകം തയ്യാറാക്കിയ ലെൻസും പ്രേക്ഷകർ പോളറൈസ് ചെയ്ത കണ്ണടയും ഉപയോഗിക്കേണ്ടതുണ്ട്.

എങ്കിൽ മാത്രമേ ത്രീഡി എന്ന അതിശയം പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയൂ.

നിർമാണത്തിലേയും പ്രദർശനത്തിലെയും ഏറെ സങ്കീർണതകൾ കാരണം ത്രീഡി ചിത്രങ്ങൾ അത്രകണ്ട് പ്രചാരം നേടിയില്ല.